നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് സൊചിതൽ ഡിക്‌സൺ

നീങ്ങാത്ത തടസ്സങ്ങളൊന്നുമില്ല

ഒരു അധ്യാപകനെന്ന നിലയില്‍, ഒരു സാഹസിക പാര്‍ക്കിലേക്ക് എന്റെ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു യാത്ര ഞാന്‍ ക്രമീകരിച്ചു. സുരക്ഷാ ഗിയര്‍ ധരിച്ചുകൊണ്ട് എട്ട് അടി ഉയരമുള്ള മതില്‍ കയറാന്‍ ഞങ്ങള്‍ വിദ്യാര്‍ത്ഥികളോട് നിര്‍ദ്ദേശിച്ചു. ആദ്യം പോയവര്‍ തങ്ങളെ ഉറപ്പിച്ചു നിര്‍ത്തിയിരിക്കുന്ന കയറുകളെ വിശ്വസിച്ചുകൊണ്ട്, താഴേക്കുനോക്കാതെ കയറാന്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിച്ചു. ഞങ്ങളുടെ വിദ്യാര്‍ത്ഥികളില്‍ ഒരുവളുടെ അരയില്‍ ബെല്‍റ്റുകളും കൊളുത്തും ഞങ്ങള്‍ ഉറപ്പിക്കുമ്പോള്‍ അവള്‍ തടസ്സങ്ങളെയാണ് നോക്കിയത്. ''എനിക്ക് ഇത് ചെയ്യാന്‍ കഴിയുമെന്നു തോന്നുന്നില്ല,'' അവള്‍ പറഞ്ഞു. അവളുടെ സുരക്ഷാബെല്‍റ്റിന്റെ ഉറപ്പ് സ്ഥിരീകരിച്ച് ഞങ്ങള്‍ അവളെ പ്രോത്സാഹിപ്പിക്കുകയും അവള്‍ മതില്‍ കയറി ഉയര്‍ന്ന പ്ലാറ്റ്‌ഫോമിലേക്ക് കാലെടുത്തുവെച്ചപ്പോള്‍ അവളെ അഭിന്ദിക്കുകയും ചെയ്തു.

ജയിക്കാന്‍ അസാധ്യമെന്ന് തോന്നുന്ന പ്രശ്‌നങ്ങളെ നാം അഭിമുഖീകരിക്കുമ്പോള്‍, ഭയവും അരക്ഷിതാവസ്ഥയും സംശയങ്ങള്‍ ഉളവാക്കും. ദൈവത്തിന്റെ മാറ്റമില്ലാത്ത ശക്തി, നന്മ, വിശ്വസ്തത എന്നിവയുടെ ഉറപ്പ് വിശ്വാസത്തിന്റെ ശക്തമായ ഒരു സുരക്ഷാബെല്‍റ്റ് സൃഷ്ടിക്കുന്നു. ആത്മവിശ്വാസത്തിന്റെ ഈ ഉറപ്പ് പഴയനിയമ വിശുദ്ധന്മാരുടെ ധൈര്യത്തിന് ആക്കം കൂട്ടി. ദൈവത്തിന്റെ പദ്ധതിയുടെ എല്ലാ വിശദാംശങ്ങളും അറിയാനുള്ള നമ്മുടെ ആവശ്യത്തെ വിശ്വാസം വര്‍ദ്ധിപ്പിക്കുന്നുവെന്ന് അവര്‍ തെളിയിച്ചു (എബ്രായര്‍ 11:1-13, 39). അവനില്‍ വിശ്വസിക്കുമ്പോള്‍ പലപ്പോഴും ഒറ്റയ്ക്ക് നില്‍ക്കേണ്ടിവരുന്നു എങ്കിലും ദൃഢനിശ്ചയത്തോടെ നാം ദൈവത്തെ ആത്മാര്‍ത്ഥമായി അന്വേഷിക്കുന്നു. നമ്മുടെ സാഹചര്യങ്ങളെ ശാശ്വതമായ വീക്ഷണകോണിലൂടെ - നമ്മുടെ പരിശോധനകള്‍ താല്‍ക്കാലികം മാത്രമാണെന്ന് അറിഞ്ഞുകൊണ്ട് - വീക്ഷിക്കുന്നതിലൂടെ നമ്മുടെ വെല്ലുവിളികളെ സമീപിക്കുന്ന രീതി ക്രമീകരിക്കാന്‍ നമുക്കു കഴിയും (വാ. 13-16).

ജീവിതത്തിലെ ദുര്‍ഘടമായ പാതകളിലും കുത്തനെയുള്ള കയറ്റങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ദൈവം നമ്മെ അപ്പുറത്തെത്തിക്കുമെന്ന് വിശ്വസിക്കുന്നതില്‍ നിന്ന് നമ്മെ തടയുന്നു. എന്നാല്‍ അവന്‍ നമ്മോടൊപ്പമുണ്ടെന്ന് അറിയുന്നതിലൂടെ, ഒരു കാലത്ത് അസാധ്യമെന്നു തോന്നിയ തടസ്സങ്ങളെ മറികടക്കാന്‍ സഹായിക്കുമെന്ന് ദൈവത്തെ വിശ്വസിച്ചുകൊണ്ട് നമ്മുടെ അനിശ്ചിതത്വങ്ങളെ നമുക്ക് വരുതിയിലാക്കാന്‍ കഴിയും.

കടല്‍ത്തീരത്തെ പ്രാര്‍ത്ഥനകള്‍

ഞങ്ങളുടെ ഇരുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കാനുള്ള ഒരു യാത്രയ്ക്കിടെ, ഞാനും ഭര്‍ത്താവും കടല്‍ത്തീരത്തിരുന്നു ഞങ്ങളുടെ ബൈബിള്‍ വായിച്ചു. കച്ചവടക്കാര്‍ കടന്നുവന്ന്് അവരുടെ സാധനങ്ങളുടെ വില വിളിച്ചു പറഞ്ഞപ്പോള്‍ ഞങ്ങള്‍ ഓരോരുത്തര്‍ക്കും നന്ദി പറഞ്ഞെങ്കിലും ഒന്നും വാങ്ങിയില്ല. ഒരു കച്ചവടക്കാരനായ ഫെര്‍ണാണ്ടോ, ഞാന്‍ സാധനങ്ങള്‍ നിരസിച്ചപ്പോള്‍ വിശാലമായി പുഞ്ചിരിച്ചുകൊണ്ട് സുഹൃത്തുക്കള്‍ക്കായി സമ്മാനങ്ങള്‍ വാങ്ങുന്നതിനെക്കുറിച്ചു ചിന്തിക്കാന്‍ ഞങ്ങളെ നിര്‍ബന്ധിച്ചു. ഞാന്‍ അദ്ദേഹത്തിന്റെ ക്ഷണം നിരസിച്ചപ്പോള്‍ ഫെര്‍ണാണ്ടോ സാധനങ്ങള്‍ എല്ലാം എടുത്തുകൊണ്ട് ചിരിച്ചുകൊണ്ടു തന്നേ നടക്കാന്‍ തുടങ്ങി. ''ദൈവം നിങ്ങളുടെ ദിവസത്തെ അനുഗ്രഹിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു,'' ഞാന്‍ പറഞ്ഞു.

ഫെര്‍ണാണ്ടോ എന്റെ നേരെ തിരിഞ്ഞു പറഞ്ഞു, ''അവന്‍ അങ്ങനെ ചെയ്തിരിക്കുന്നു! യേശു എന്റെ ജീവിതം മാറ്റിമറിച്ചു.' ഫെര്‍ണാണ്ടോ ഞങ്ങളുടെ കസേരകള്‍ക്കിടയില്‍ മുട്ടുകുത്തി. ''എനിക്ക് ഇവിടെ അവന്റെ സാന്നിധ്യം അനുഭവപ്പെടുന്നു.'' പതിന്നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് ദൈവം തന്നെ മയക്കുമരുന്ന്, മദ്യപാനം എന്നിവയില്‍ നിന്ന് വിടുവിച്ചതെങ്ങനെയെന്ന് അദ്ദേഹം പങ്കുവെച്ചു.

അദ്ദേഹം സങ്കീര്‍ത്തനപുസ്തകത്തിലെ കവിതകള്‍ മുഴുവന്‍ ചൊല്ലുകയും ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ഞങ്ങള്‍ ഒരുമിച്ച് ദൈവത്തെ സ്തുതിക്കുകയും അവന്റെ സന്നിധിയില്‍ സന്തോഷിക്കുകയും ചെയ്തു.

148-ാം സങ്കീര്‍ത്തനം സ്തുതിയുടെ പ്രാര്‍ത്ഥനയാണ്. യഹോവയെ സ്തുതിക്കുവാന്‍ സങ്കീര്‍ത്തനക്കാരന്‍ സകല സൃഷ്ടിയെയും ഉത്സാഹിപ്പിക്കുന്നു, 'അവന്‍ കല്പിച്ചിട്ട് അവ സൃഷ്ടിക്കപ്പെട്ടിരിക്കയാല്‍ അവ യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ' (വാ. 5), 'അവന്റെ നാമം മാത്രം ഉയര്‍ന്നിരിക്കുന്നത്. അവന്റെ മഹത്വം ഭൂമിക്കും ആകാശത്തിനും മേലായിരിക്കുന്നു'' (വാ. 13).

നമ്മുടെ ആവശ്യങ്ങള്‍ അവിടുത്തെ മുന്‍പില്‍ കൊണ്ടുവരാനും അവിടുന്ന് നമ്മെ കേള്‍ക്കുകയും കരുതുകയും ചെയ്യുന്നുവെന്ന് വിശ്വസിക്കുവാനും ദൈവം നമ്മെ ക്ഷണിക്കുന്നുവെങ്കിലും, നാം എവിടെയായിരുന്നാലും - കടല്‍ത്തീരത്ത് പോലും - നന്ദിയുള്ള സ്തുതിയുടെ പ്രാര്‍ത്ഥനയിലും അവന്‍ സന്തോഷിക്കുന്നു.

ഒരുമിച്ച് വളരുക

എതിര്‍ ടീമിലെ ഒരംഗം വായുവിലേക്ക് ഒരു പന്ത് അടിച്ചുവിട്ടപ്പോള്‍ എന്റെ ഭര്‍ത്താവ് അലന്‍ ക്രിക്കറ്റ് മൈതാനത്തെ പ്രകാശിപ്പിക്കുന്ന ഉയര്‍ന്ന ലൈറ്റുകള്‍ക്ക് താഴെയായി നില്‍ക്കുകയായിരുന്നു. പന്തില്‍ കണ്ണുകള്‍ ഉറപ്പിച്ചുകൊണ്ട് അലന്‍ ഫീല്‍ഡിന്റെ ഇരുണ്ട കോണിലേക്ക് പൂര്‍ണ്ണ വേഗതയില്‍ ഓടി - വേലിയില്‍ ചെന്നിടിച്ചു.

അന്നു രാത്രി ഞാന്‍ അദ്ദേഹത്തിന് ഒരു ഐസ് പായ്ക്ക് കൈമാറി. ''താങ്കള്‍ക്ക് കുഴപ്പമില്ലല്ലോ?'' ഞാന്‍ ചോദിച്ചു. അദ്ദേഹം തോളില്‍ തടവി. ''ഞാന്‍ വേലിക്ക് സമീപത്തേക്കു നീങ്ങുകയാണെന്ന് എന്റെ സുഹൃത്തുക്കള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കില്‍ എനിക്ക് സുഖം തോന്നുമായിരുന്നു,'' അദ്ദേഹം പറഞ്ഞു.

ടീമുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോഴാണ് അവര്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നത്. വേലിക്കടുത്തെത്തിയപ്പോള്‍ സഹപ്രവര്‍ത്തകരില്‍ ഒരാളെങ്കിലും മുന്നറിയിപ്പ് വിളിച്ചുപറഞ്ഞിരുന്നെങ്കില്‍ അലന്റെ പരിക്ക് ഒഴിവാക്കാമായിരുന്നു.

സഭയിലെ അംഗങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനും ഒരു ടീം പോലെ പരസ്പരം ശ്രദ്ധിക്കാനും രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണെന്ന് തിരുവെഴുത്ത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നാം പരസ്പരം എങ്ങനെ ഇടപെടുന്നുവെന്നത് ദൈവത്തിനു വിഷയമാണെന്ന് അപ്പൊസ്തലനായ പൗലൊസ് പറയുന്നു, കാരണം ഒരു വ്യക്തിയുടെ പ്രവര്‍ത്തനങ്ങള്‍ മുഴു വിശ്വാസ സമൂഹത്തെയും സ്വാധീനിക്കും (കൊലൊസ്യര്‍ 3:13-14). ഐക്യത്തിനും സമാധാനത്തിനും വേണ്ടി പൂര്‍ണ്ണമായും അര്‍പ്പണബോധത്തോടെ പരസ്പരം സേവിക്കാനുള്ള അവസരങ്ങള്‍ നാമെല്ലാവരും സ്വീകരിക്കുമ്പോള്‍, സഭ തഴച്ചുവളരുന്നു (വാ. 15).

'സങ്കീര്‍ത്തനങ്ങളാലും സ്തുതികളാലും ആത്മിക ഗീതങ്ങളാലും തമ്മില്‍ പഠിപ്പിച്ചും ബുദ്ധിയുപദേശിച്ചും നന്ദിയോടെ നിങ്ങളുടെ ഹൃദയങ്ങളില്‍ ദൈവത്തിനു പാടിയും ഇങ്ങനെ ക്രിസ്തുവിന്റെ വചനം ഐശ്വര്യമായി സകല ജ്ഞാനത്തോടും കൂടി നിങ്ങളില്‍ വസിക്കട്ടെ'' (വാ. 16). സ്‌നേഹപൂര്‍വവും സത്യസന്ധവുമായ ബന്ധങ്ങളിലൂടെ, നന്ദിയുള്ള ഹൃദയങ്ങളോടെ ദൈവത്തെ അനുസരിക്കുകയും സ്തുതിക്കുകയും ചെയ്യുന്നതിലൂടെ നമുക്ക് പരസ്പരം പ്രചോദനം നല്‍കാനും സംരക്ഷിക്കാനും കഴിയും.

ദൈവം വെട്ടിയ ഓര്‍മ്മയുടെ പാതകള്‍

എന്റെ മുതിര്‍ന്ന മകന്‍ വിഷമകരമായ ഒരു സാഹചര്യം നേരിട്ടപ്പോള്‍, അവന്റെ പിതാവിനു തൊഴിലില്ലാതിരുന്ന കാലത്ത് ദൈവത്തിന്റെ നിരന്തരമായ പരിപാലനത്തെക്കുറിച്ചും കരുതലിനെക്കുറിച്ചും ഞാന്‍ അവനെ ഓര്‍മ്മപ്പെടുത്തി. എന്റെ അമ്മ രക്താര്‍ബുദത്തോടു പോരാടി പരാജയപ്പെട്ടപ്പോള്‍ ദൈവം ഞങ്ങളുടെ കുടുംബത്തെ ശക്തിപ്പെടുത്തുകയും സമാധാനം നല്‍കുകയും ചെയ്ത സമയങ്ങള്‍ ഞാന്‍ വിവരിച്ചു. തിരുവെഴുത്തുകളില്‍ ചേര്‍ത്തിരിക്കുന്ന ദൈവത്തിന്റെ വിശ്വസ്തതയുടെ കഥകള്‍ എടുത്തുകാണിച്ചുകൊണ്ട്, അവന്റെ വചനം നിവര്‍ത്തിക്കുന്നതില്‍ അവന്‍ വിശ്വസ്തനാണെന്ന് ഞാന്‍ സ്ഥിരീകരിച്ചു. ഞങ്ങളുടെ ജീവിതത്തിന്റെ താഴ്‌വരകളിലും പര്‍വതങ്ങളിലും അവന്‍ വിശ്വസ്തനായി നടത്തിയ വഴികളെക്കുറിച്ച് ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ഞാന്‍ എന്റെ മകനെ ഞങ്ങളുടെ കുടുംബത്തിനുവേണ്ടി ദൈവം വെട്ടിയ പാതയുടെ സ്മരണയിലൂടെ നയിച്ചു. നാം കഷ്ടത്തിലായാലും ആഘോഷത്തിലായാലും ദൈവസാന്നിധ്യവും, സ്‌നേഹവും കൃപയും മതിയായവയെന്ന് തെളിഞ്ഞിരിക്കുന്നു.

വിശ്വാസത്തെ ശക്തിപ്പെടുത്തുന്ന ഈ തന്ത്രം ഞാന്‍ സ്വന്തമായി മെനഞ്ഞതാണെന്ന് അവകാശപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും, ഭാവിതലമുറയ്ക്ക് തന്നിലുള്ള വിശ്വാസത്തെ പ്രചോദിപ്പിക്കുന്നതിനായി കഥകള്‍ പങ്കിടുന്ന ശീലം ദൈവം രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. പണ്ട് ദൈവം ചെയ്തതായി തങ്ങള്‍ കണ്ട കാര്യങ്ങളെല്ലാം യിസ്രായേല്യര്‍ ഓര്‍മ്മിക്കുന്നതിനായി, ദൈവത്താല്‍ നിര്‍മ്മിക്കപ്പെട്ട സ്മരണ പാതകളില്‍ അവന്‍ ആത്മവിശ്വാസത്തിന്റെ ചതുരക്കല്ലുകള്‍ സ്ഥാപിച്ചു.

യിസ്രായേല്‍ ജനം ദൈവത്തെ അനുഗമിച്ചപ്പോള്‍ അവന്‍ തന്റെ വാഗ്ദത്തങ്ങള്‍ പാലിക്കുന്നതിന് യിസ്രായേല്യര്‍ സാക്ഷ്യം വഹിച്ചു (ആവര്‍ത്തനം 4:3-6). അവന്‍ എല്ലായ്‌പ്പോഴും അവരുടെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കുകയും ഉത്തരം നല്‍കുകയും ചെയ്തു (വാ. 7). യുവതലമുറയോടൊത്ത് സന്തോഷിക്കുകയും അനുസ്മരിക്കുകയും ചെയ്യുമ്പോള്‍ (വാ. 9), ഏക സത്യദൈവം അവര്‍ക്കു നല്‍കുകയും സംരക്ഷിച്ചുവയ്ക്കുകയും ചെയ്ത ദൈവശ്വാസീയ വചനങ്ങളെ അവര്‍ പങ്കുവെച്ചു (വാ. 10).

നാം നമ്മുടെ മഹാ ദൈവത്തിന്റെ മഹിമ, കരുണ, ആര്‍ദ്ര സ്‌നേഹം എന്നിവയെക്കുറിച്ച് പറയുമ്പോള്‍, അവിടുത്തെ നിലനില്‍ക്കുന്ന വിശ്വാസ്യതയുടെ സ്ഥിരീകരണത്തിലൂടെ നമ്മുടെ ബോധ്യങ്ങളും മറ്റുള്ളവരുടെ വിശ്വാസവും നമുക്കു ശക്തിപ്പെടുത്താനാകും.

ദൈവം മനസ്സിലാക്കുന്നു

അടുത്തയിടെ വീടുമാറിയതിനെത്തുടര്‍ന്ന്, മാധുരിയുടെ ഏഴുവയസ്സുള്ള മകന്‍ രോഹിത് തന്റെ പുതിയ സ്‌കൂളിലേക്കു പോകാന്‍ മടികാണിച്ചുകൊണ്ട് പിണങ്ങാന്‍ തുടങ്ങി. മാറ്റം പ്രയാസകരമാണെന്ന് തനിക്കറിയാമെന്ന് ഉറപ്പുനല്‍കി മാധുരി അവനെ പ്രോത്സാഹിപ്പിച്ചു. എന്നാല്‍ ഒരു പ്രഭാതത്തില്‍ രോഹിതിന്റെ അസ്വാഭാവികമായ അമര്‍ഷം അമിതമായി തോന്നിയപ്പോള്‍ അനുകമ്പയോടെ മാധുരി ചോദിച്ചു, ''മോനേ, നിന്നെ ബുദ്ധിമിട്ടിക്കുന്നതെന്താണ്?''

ജനാലയിലൂടെ പുറത്തേക്കുനോക്കി രോഹിത് ആഞ്ഞടിച്ചു. ''എനിക്കറിയില്ല അമ്മ. എനിക്ക് വളരെയധികം വികാരങ്ങള്‍ ഉണ്ട്.''

അവള്‍ അവനെ ആശ്വസിപ്പിച്ചപ്പോള്‍ മാധുരിയുടെ ഹൃദയം വേദനിച്ചു. അവനെ സഹായിക്കാനുള്ള ഒരു മാര്‍ഗ്ഗം തേടി നിരാശയായ അവള്‍ ഈ മാറ്റം തനിക്കും ബുദ്ധിമുട്ടാണെന്ന് പങ്കുവെച്ചു. ദൈവം അടുത്തുണ്ടായിരിക്കുമെന്നും തങ്ങളുടെ നിരാശ മനസ്സിലാക്കാനോ അതു പുറത്തുപറയാനോ കഴിയാതിരിക്കുമ്പോഴും അവന്‍ എല്ലാം അറിയുന്നുവെന്നും അവള്‍ രോഹിതിന് ഉറപ്പ് നല്‍കി. ''സ്‌കൂള്‍ തുടങ്ങുന്നതിന് മുമ്പ് നിന്റെ സുഹൃത്തുക്കളെ നമുക്കൊന്നു സന്ദര്‍ശിക്കാം,'' അവള്‍ പറഞ്ഞു. തന്റെ മക്കളുടെ '' വികാര വേലിയേറ്റങ്ങള്‍'' ദൈവം മനസ്സിലാക്കുന്നു എന്നതില്‍ നന്ദിയുള്ളവരായി അവര്‍ അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തി.

147-ാം സങ്കീര്‍ത്തനത്തിന്റെ രചയിതാവ് തന്റെ വിശ്വാസയാത്രയിലുടനീളം അസ്വസ്ഥപ്പെടുത്തുന്ന വികാരങ്ങള്‍ അനുഭവിക്കുകയും, എല്ലാറ്റിനെയും അറിയുന്ന സ്രഷ്ടാവും എല്ലാവരുടെയും പരിപാലകനും ശാരീരികവും വൈകാരികവുമായ മുറിവുകളെ സൗഖ്യമാക്കുന്നവനും ആയവനെ സ്തുതിക്കുന്നതിന്റെ ഗുണങ്ങള്‍ തിരിച്ചറിയുകയും ചെയ്തു (വാ. 1-6). അവിടുന്ന്് നല്‍കുന്ന വഴികള്‍ക്കായും ''തന്നെ ഭയപ്പെടുകയും തന്റെ ദയയില്‍ പ്രത്യാശവയ്ക്കുകയും ചെയ്യുന്നവരില്‍ യഹോവ പ്രസാദിക്കുന്നു'' (വാ. 11) എന്നതിലും അവന്‍ ദൈവത്തെ സ്തുതിക്കുകയും ചെയ്തു.

മാറിക്കൊണ്ടിരിക്കുന്ന നമ്മുടെ വികാരങ്ങള്‍ മനസ്സിലാക്കാന്‍ നാം പാടുപെടുമ്പോള്‍, നാം ഒറ്റയ്ക്കായെന്നു തോന്നുകയോ നിരുത്സാഹപ്പെടുകയോ ചെയ്യേണ്ടതില്ല. നമ്മുടെ മാറ്റമില്ലാത്ത ദൈവത്തിന്റെ നിരുപാധികമായ സ്‌നേഹത്തിലും പരിമിതികളില്ലാത്ത അറിവിലും നമുക്ക് വിശ്രമിക്കാം.

ദൈവത്തോടൊപ്പം പ്രവര്‍ത്തിക്കുക

1962 ലെ മെക്‌സിക്കോ സന്ദര്‍ശന വേളയില്‍ ബില്‍ ആഷെ, ഒരു അനാഥാലയത്തിലെ കാറ്റാടിമില്‍ ഉപയോഗിച്ചുള്ള ഹാന്‍ഡ് പമ്പുകള്‍ നന്നാക്കാന്‍ സഹായിച്ചു. പതിനഞ്ചു വര്‍ഷത്തിനുശേഷം, ആവശ്യമുള്ള ഗ്രാമങ്ങള്‍ക്ക് ശുദ്ധജലം നല്‍കാന്‍ സഹായിച്ചുകൊണ്ട് ദൈവത്തെ സേവിക്കുന്നതിനായി ബില്‍ ഒരു സന്നദ്ധ സംഘടന സ്ഥാപിച്ചു. അദ്ദേഹം പറഞ്ഞു, ''ദരിദ്ര ഗ്രാമീണര്‍ക്ക് സുരക്ഷിതമായ കുടിവെള്ളം എത്തിക്കാനുള്ള ആഗ്രഹത്തോടെ മറ്റുള്ളവരെ കണ്ടെത്തുന്നതിനായി 'സമയം പരമാവധി പ്രയോജനപ്പെടുത്താന്‍' ദൈവം എന്നെ ഉണര്‍ത്തി.' പിന്നീട് നൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് പാസ്റ്റര്‍മാരുടെയും സുവിശേഷകന്മാരുടെയും അഭ്യര്‍ത്ഥനകളിലൂടെ സുരക്ഷിതമായ വെള്ളത്തിന്റെ ആഗോള ആവശ്യകതയെക്കുറിച്ച് മനസ്സിലാക്കിയ ബില്‍, തന്റെ ശുശ്രൂഷാ പദ്ധതികളില്‍ പങ്കാളികളാകാന്‍ മറ്റുള്ളവരെയും ക്ഷണിച്ചു.

വിവിധ നിലകളില്‍ ജനങ്ങളെ സേവിക്കാന്‍ ദൈവത്തോടും മറ്റുള്ളവരോടും ഒന്നിച്ച് അണിനിരക്കാന്‍ ദൈവം നമ്മെ സ്വാഗതം ചെയ്യുന്നു. കൊരിന്ത് നിവാസികള്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ള ഉപദേഷ്ടാക്കളെ ചൊല്ലി കലഹിച്ചപ്പോള്‍, അപ്പൊസ്തലനായ പൗലൊസ് തന്റെ പങ്കിനെക്കുറിച്ചു പറഞ്ഞത്, താന്‍ ആത്മീയ വളര്‍ച്ചയ്ക്കായി ദൈവത്തെ പൂര്‍ണമായും ആശ്രയിച്ചിരിക്കുന്ന യേശുവിന്റെ ഒരു ദാസനും അപ്പല്ലോസിന്റെ കൂട്ടാളിയും ആണെന്നാണ് (1 കൊരിന്ത്യര്‍ 3:1-7). എല്ലാ പ്രവൃത്തികള്‍ക്കും ദൈവദത്തമായ ഒരു മൂല്യമുണ്ടെന്ന് അവന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു (വാ. 8). ദൈവത്തെ സേവിക്കുമ്പോള്‍ മറ്റുള്ളവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ ലഭിക്കുന്ന പദവിയെ വിലയേറിയതായി കണക്കാക്കിയ പൗലൊസ് നമ്മെ പ്രോത്സാഹിപ്പിക്കുന്നത്, ദൈവം നമ്മെ തന്റെ സ്‌നേഹത്തില്‍ രൂപാന്തരപ്പെടുത്തുമ്പോള്‍ നാം അന്യോന്യം പണിയുന്നവരായിരിക്കണം എന്നാണ് (വാ. 9).

തന്റെ മഹത്തായ പ്രവൃത്തികള്‍ നിറവേറ്റാന്‍ നമ്മുടെ ശക്തനായ പിതാവിന് നമ്മുടെ സഹായം ആവശ്യമില്ലെങ്കിലും, അവിടുന്ന് നമ്മെ സജ്ജരാക്കുകയും അവനുമായി പങ്കാളിയാകാന്‍ നമ്മെ ക്ഷണിക്കുകയും ചെയ്യുന്നു.

പ്രവര്‍ത്തനക്ഷമമായ ദൈവത്തിന്റെ കരുണ

ഒരു സ്ത്രീ എന്നോട് മോശമായി പെരുമാറുകയും എന്നെ കുറ്റപ്പെടുത്തുകയും എന്നെക്കുറിച്ച് ദുഷ്പ്രചരണം നടത്തുകയും ചെയ്തപ്പോള്‍ എന്റെ കോപം വര്‍ദ്ധിച്ചു. അവള്‍ എന്താണ് ചെയ്തതെന്ന് എല്ലാവരും അറിയണമെന്ന് ഞാന്‍ ആഗ്രഹിച്ചു - അതായത് അവളുടെ പെരുമാറ്റം കാരണം ഞാന്‍ അനുഭവിച്ചതുപോലെ അവളും അനുഭവിക്കണമെന്ന് ഞാന്‍ ചിന്തിച്ചു. എന്റെ ചെന്നി കുത്തിത്തുളയ്ക്കുന്നതു പോലെയുള്ള തലവേദന എനിക്കുണ്ടാകുന്നതുവരെ നീരസം എന്നില്‍ പുകഞ്ഞു. എന്നാല്‍ എന്റെ വേദന മാറുന്നതിനായി ഞാന്‍ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയപ്പോള്‍ പരിശുദ്ധാത്മാവ് എനിക്ക് കുറ്റബോധം നല്‍കി. ആശ്വാസത്തിനായി ദൈവത്തോട് യാചിക്കുമ്പോള്‍ എനിക്ക് എങ്ങനെ പ്രതികാരത്തിനു പദ്ധതിയിടാന്‍ കഴിയും? അവന്‍ എന്നെ പരിപാലിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നെങ്കില്‍, ഈ സാഹചര്യം കൈകാര്യം ചെയ്യാന്‍ ഞാന്‍ അവനെ വിശ്വസിക്കാത്തത് എന്തുകൊണ്ട്? എന്നെ വേദനിപ്പിക്കുന്ന ആളുകള്‍ പലപ്പോഴും മറ്റുള്ളവരെയും വേദനിപ്പിക്കുന്നവരാണ് എന്നറിഞ്ഞുകൊണ്ട് ആ സ്ത്രീയോട് ക്ഷമിക്കുന്നതിനും നിരപ്പിനായി ശ്രമിക്കുന്നതിനും എന്നെ സഹായിക്കാന്‍ ഞാന്‍ ദൈവത്തോട് അപേക്ഷിച്ചു.

അന്യായമായ പെരുമാറ്റം സഹിക്കുമ്പോള്‍ ദൈവത്തിലാശ്രയിക്കുന്നതിനുള്ള ബുദ്ധിമുട്ട് സങ്കീര്‍ത്തനക്കാരനായ ദാവീദ് മനസ്സിലാക്കിയിരുന്നു. സ്‌നേഹമുള്ള ഒരു ദാസനായി വര്‍ത്തിക്കുവാന്‍ ദാവീദ് പരമാവധി ശ്രമിച്ചെങ്കിലും ശൗല്‍ രാജാവ് അസൂയാലുവായി അവനെ കൊല്ലുവാന്‍ ആഗ്രഹിച്ചു (1 ശമൂവേല്‍ 24:1-2). ദൈവം അവനുവേണ്ടി പ്രവര്‍ത്തിക്കുകയും അവനെ സിംഹാസനത്തിലെത്തിക്കാന്‍ ഒരുക്കങ്ങള്‍ നടത്തുകയും ചെയ്തുകൊണ്ടിരിക്കുമ്പോഴും ദാവീദ് കഷ്ടപ്പെട്ടു, എങ്കിലും പ്രതികാരം അന്വേഷിക്കുന്നതിനുപകരം ദൈവത്തെ മാനിക്കാന്‍ അവന്‍ തീരുമാനിച്ചു (വാ. 3-7). ശൗലുമായി അനുരഞ്ജനപ്പെടുന്നതിനായി താന്‍ ചെയ്യേണ്ട കാര്യങ്ങള്‍ അവന്‍ ചെയ്യുകയും അതിന്റെ ഫലം ദൈവത്തിനു വിട്ടുകൊടുക്കുകയും ചെയ്തു (വാ. 8-22).

മറ്റുള്ളവര്‍ തെറ്റായ കാര്യങ്ങള്‍ ചെയ്തിട്ടും രക്ഷപ്പെടുന്നുവെന്ന് തോന്നുമ്പോള്‍, ആ അനീതിയോട് പൊരുത്തപ്പെടാന്‍ നാം പൊരുതുന്നു. എന്നാല്‍ നമ്മുടെ ഹൃദയത്തിലും മറ്റുള്ളവരുടെ ഹൃദയത്തിലും പ്രവര്‍ത്തിക്കുന്ന ദൈവത്തിന്റെ കാരുണ്യത്താല്‍, അവന്‍ നമ്മോടു ക്ഷമിച്ചതുപോലെ നമുക്ക് ക്ഷമിക്കാനും അവന്‍ നമുക്കായി ഒരുക്കിയിട്ടുള്ള അനുഗ്രഹങ്ങള്‍ സ്വീകരിക്കാനും കഴിയും.

ഇരുട്ടിലെ വെളിച്ചം

ഇടിമിന്നലോടുകൂടിയ ഒരു ശക്തമായ കൊടുങ്കാറ്റ് ഞങ്ങളുടെ പുതിയ പട്ടണത്തിലൂടെ കടന്നുപോയി, അത് അന്തരീക്ഷത്തില്‍ ഉയര്‍ന്ന ഈര്‍പ്പത്തിനും ഇരുണ്ട ആകാശത്തിനും കാരണമായി. ഞാന്‍ ഞങ്ങളുടെ നായ ജിമ്മിയെ ഒരു സായാഹ്ന നടത്തത്തിനായി കൊണ്ടുപോയി. രാജ്യത്തിന്റെ മറുഭാഗത്തേക്ക് എന്റെ കുടുംബം താമസം മാറ്റിയതിന്റെ വര്‍ദ്ധിച്ചുവരുന്ന വെല്ലുവിളികള്‍ എന്റെ മനസ്സിനെ ഭാരപ്പെടുത്തി. ഇതുവരെ സംഭവിച്ച കാര്യങ്ങള്‍ ഞങ്ങളുടെ ഉയര്‍ന്ന പ്രതീക്ഷകളില്‍ നിന്നും ആശകളില്‍ നിന്നും വളരെയധികം വ്യതിചലിച്ചുപോകുന്നതുകണ്ട് നിരാശയായ ഞാന്‍ ജിമ്മിയെ പുല്ലുകള്‍ മണത്തുനോക്കുന്നതിനായി അനുവദിച്ചു. ഞങ്ങളുടെ വീടിനരികിലൂടെ ഒഴുകുന്ന തോടിന്റെ ശബ്ദം ഞാന്‍ ശ്രദ്ധിച്ചു. തോടിന്റെ കരയിലേക്ക് കയറിക്കിടക്കുന്ന കാട്ടുപൂക്കളുടെ കൂട്ടങ്ങളില്‍ വെളിച്ചം മിന്നിക്കൊണ്ടിരുന്നതു ഞാന്‍ കണ്ടു - മിന്നാമിനുങ്ങുകള്‍!

മിന്നുന്ന വെളിച്ചങ്ങള്‍ ഇരുട്ടിനെ കീറി മുറിക്കുന്നത് ഞാന്‍ കണ്ടപ്പോള്‍ കര്‍ത്താവ് എന്നെ തന്റെ സമാധാനം കൊണ്ടു പൊതിഞ്ഞു. സങ്കീര്‍ത്തനക്കാരനായ ദാവീദ് ആലപിച്ചതിനെക്കുറിച്ച് ഞാന്‍ ചിന്തിച്ചു, കര്‍ത്താവേ, 'നീ എന്റെ ദീപത്തെ കത്തിക്കും'' (സങ്കീര്‍ത്തനം 18:28). ദൈവം തന്റെ അന്ധകാരത്തെ വെളിച്ചമാക്കി മാറ്റുന്നുവെന്ന് പ്രഖ്യാപിച്ച ദാവീദ്, കര്‍ത്താവിന്റെ കരുതലിലും സംരക്ഷണത്തിലും ആത്മവിശ്വാസം പ്രകടിപ്പിച്ചു (വാ. 29-30). ദൈവത്തിന്റെ ശക്തിയാല്‍, തനിക്കെതിരെ വരുന്ന എന്തിനെയും കൈകാര്യം ചെയ്യാന്‍ അവനു കഴിഞ്ഞു (വാ. 32-35). എല്ലാ സാഹചര്യത്തിലും യഹോവ തന്നോടുകൂടെയുണ്ടെന്നു വിശ്വസിച്ചുകൊണ്ട് ജാതികളുടെ നടുവില്‍ അവനെ പുകഴ്ത്തുമെന്നും അവന്റെ നാമത്തിനു സ്‌തോത്രം ചെയ്യുമെന്നും ദാവീദു വാഗ്ദത്തം ചെയ്തു (വാ. 36-49).

ജീവിതത്തിലെ പ്രവചനാതീതമായ കൊടുങ്കാറ്റുകളെ നാം സഹിക്കുകയോ അല്ലെങ്കില്‍ മഴ പെയ്തതിനുശേഷമുള്ള ശാന്തത നാം ആസ്വദിക്കുകയോ ആണെങ്കിലും, ദൈവത്തിന്റെ നിരന്തരമായ സാന്നിധ്യത്തിന്റെ സമാധാനം ഇരുട്ടില്‍ നമ്മുടെ പാതയെ പ്രകാശിപ്പിക്കുന്നു. നമ്മുടെ ജീവനുള്ള ദൈവം എപ്പോഴും നമ്മുടെ ശക്തിയും അഭയവും നമ്മെ നിലനിര്‍ത്തുന്നവനും നമ്മുടെ വിമോചകനുമായിരിക്കും.

ആഴത്തില്‍ വേരൂന്നിയ വിശ്വാസം

500 വര്‍ഷമോ അതില്‍ കൂടുതലോ പഴക്കമുള്ള നിരവധി വലിയ മരങ്ങളുണ്ട്. അവയുടെ മികച്ച കാലഘട്ടത്തില്‍, വളഞ്ഞുപിരിഞ്ഞ ശാഖകള്‍ ഉയരത്തിലും വിസ്തൃതിയിലും വ്യാപ്തിയിലും വ്യാപിക്കുന്നു. തണുത്ത കാറ്റ് അവയുടെ പച്ച ഇലകളില്‍ അടിക്കുകയും കാറ്റു വീശുമ്പോള്‍ ഇലകള്‍ക്കിടയിലുണ്ടാകുന്ന വിടവുകളിലൂടെ സൂര്യപ്രകാശം ഭൂമിയില്‍ പതിക്കുന്നു.അവരുടെ മേലാപ്പിന് താഴെയുള്ള നിഴലില്‍ പ്രകാശം നൃത്തം വയ്ക്കുന്നു. എന്നാല്‍ ഭൂമിയുടെ ഉപരിതലത്തിനടിയിലാണ് അവയുടെ യഥാര്‍ത്ഥ മഹത്വം - അവയുടെ വേരുപടലം. വൃക്ഷത്തിന്റെ തായ്‌വേര് ലംബമായി വളര്‍ന്ന് പോഷണങ്ങളുടെ വിശ്വസനീയമായ വിതരണം ഉറപ്പാക്കുന്നു. ആ പ്രധാന വേരില്‍ നിന്ന്, വേരുകള്‍ തിരശ്ചീനമായി പരന്ന് വൃക്ഷത്തിന് ജീവിതകാലം മുഴുവന്‍ ഈര്‍പ്പവും പോഷകങ്ങളും നല്‍കുന്നു. സങ്കീര്‍ണ്ണമായ ഈ വേരുപടലം പലപ്പോഴും വൃക്ഷത്തേക്കാള്‍ വളരെ വലുതായി വളരുകയും ഒരു ജീവന്‍രക്ഷാ ചാലകമായും തായ്ത്തടിയെ സ്ഥിരമായി നിര്‍ത്തുന്നതിനുള്ള നങ്കൂരമായും വര്‍ത്തിക്കുന്നു.

ഈ കരുത്തുറ്റ വൃക്ഷങ്ങളെപ്പോലെ, നമുക്കു ജീവന്‍ നല്‍കുന്ന വളര്‍ച്ചയുടെ ഭൂരിഭാഗവും ഉപരിതലത്തിനടിയിലാണ്. വിതെക്കുന്നവന്റെ ഉപമ യേശു ശിഷ്യന്മാര്‍ക്ക് വിശദീകരിച്ചപ്പോള്‍, പിതാവിനോടൊപ്പമുള്ള വ്യക്തിബന്ധത്തില്‍ ഉറച്ചുനില്‍ക്കേണ്ടതിന്റെ പ്രാധാന്യം അവന്‍ ഊന്നിപ്പറഞ്ഞു. തിരുവെഴുത്തുകളിലൂടെ വെളിപ്പെടുത്തിയിരിക്കുന്നതുപോലെ നാം ദൈവത്തെക്കുറിച്ചുള്ള അറിവില്‍ വളരുമ്പോള്‍ നമ്മുടെ വിശ്വാസ വേരുകള്‍ അവന്റെ ആത്മാവിനാല്‍ നിലനിര്‍ത്തപ്പെടുന്നു. മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങള്‍, പരീക്ഷകള്‍, പീഡനങ്ങള്‍, ഉത്കണ്ഠകള്‍ എന്നിവയിലൂടെ അഭിവൃദ്ധി പ്രാപിക്കാന്‍ ദൈവം തന്റെ അനുഗാമികളെ സഹായിക്കുന്നു (മത്തായി 13:18-23).

നമ്മുടെ സ്‌നേഹനിധിയായ പിതാവ് തന്റെ വചനത്താല്‍ നമ്മുടെ ഹൃദയങ്ങളെ പോഷിപ്പിക്കുന്നു. അവിടുത്തെ ആത്മാവ് നമ്മുടെ സ്വഭാവത്തെ രൂപാന്തരപ്പെടുത്തുമ്പോള്‍, നമ്മുടെ ആഴത്തില്‍ വേരൂന്നിയ വിശ്വാസത്തിന്റെ ഫലം നമുക്ക് ചുറ്റുമുള്ള ആളുകള്‍ക്ക് വ്യക്തമാകുമെന്ന് അവന്‍ ഉറപ്പാക്കുന്നു.

സന്തോഷത്തിനുള്ള ഞങ്ങളുടെ കാരണം

സ്‌കൂള്‍ വര്‍ഷം ആരംഭിച്ചപ്പോള്‍, പതിന്നാലുകാരനായ സന്ദീപ് എല്ലാ ദിവസവും ഉച്ചയ്ക്ക് ശേഷം ബസിറങ്ങിയശേഷം വീട്ടിലേക്കുള്ള വഴിയില്‍നിന്ന് നൃത്തം ചെയ്യുമായിരുന്നു. സന്ദീപിന്റെ സ്‌കൂളിനുശേഷമുള്ള നൃതത്തസമയത്തിന്റെ വീഡിയോകള്‍ അവന്റെ അമ്മ റെക്കോര്‍ഡുചെയ്ത് ഷെയര്‍ ചെയ്തു. താന്‍ ജീവിതം ആസ്വദിച്ചതിനാലും എല്ലാ നീക്കങ്ങളിലും ''ആളുകളെ സന്തോഷിപ്പിക്കുന്നതിനും'' ആണ് അവന്‍ നൃത്തം ചെയ്തത്. ഒരു ദിവസം, രണ്ട് മാലിന്യ ശേഖരണക്കാര്‍ അവരുടെ തിരക്കേറിയ ജോലിക്കിടയില്‍ അവനോടൊപ്പം നൃത്തം ചെയ്യാന്‍ തയ്യാറായി; അവന്‍ മറ്റുള്ളവരെ തന്നോടൊപ്പം നൃത്തം ചെയ്യാന്‍ പ്രചോദിപ്പിക്കാറുണ്ടായിരുന്നു. ആത്മാര്‍ത്ഥവും പകരുന്നതുമായ സന്തോഷത്തിന്റെ ശക്തിയെയാണ് ഈ മൂവരും പ്രകടമാക്കിയത്.

149-ാം സങ്കീര്‍ത്തനത്തിന്റെ രചയിതാവ് നിലനില്‍ക്കുന്നതും നിരുപാധികവുമായ സന്തോഷത്തിന്റെ യഥാര്‍ത്ഥ ഉറവിടം വിവരിക്കുന്നു - ദൈവം. സങ്കീര്‍ത്തനക്കാരന്‍ ദൈവജനത്തെ ഒഒരുമിച്ചുകൂടാനും യഹോവയ്ക്ക് 'ഒരു പുതിയ പാട്ട്' ആലപിക്കാനും'' ആഹ്വാനം ചെയ്യുന്നു (വാ. 1). തങ്ങളെ 'ഉണ്ടാക്കിയവനില്‍ സന്തോഷിക്കുവാനും'' ''അവരുടെ രാജാവില്‍ ആനന്ദിക്കുവാനും'' അവന്‍ യിസ്രായേലിനെ ക്ഷണിക്കുന്നു (വാ. 2). നൃത്തവും സംഗീതവും ഉപയോഗിച്ച് അവനെ ആരാധിക്കാന്‍ അവന്‍ നമ്മെ വിളിക്കുന്നു (വാ. 1-3). എന്തുകൊണ്ട്? കാരണം, 'യഹോവ തന്റെ ജനത്തില്‍ പ്രസാദിക്കുന്നു; താഴ്മയുള്ളവരെ അവന്‍ രക്ഷകൊണ്ട് അലങ്കരിക്കും' (വാ. 4).

ആരാധ്യനായ നമ്മുടെ പിതാവ് നമ്മെ സൃഷ്ടിക്കുകയും പ്രപഞ്ചത്തെ നിലനിര്‍ത്തുകയും ചെയ്യുന്നു. നാം അവന്റെ പ്രിയപ്പെട്ട മക്കളായതുകൊണ്ട് അവന്‍ നമ്മില്‍ സന്തോഷിക്കുന്നു. അവന്‍ നമ്മെ രൂപകല്‍പ്പന ചെയ്യുകയും നമ്മെ അറിയുകയും താനുമായുള്ള ഒരു വ്യക്തിബന്ധത്തിലേക്ക് നമ്മെ ക്ഷണിക്കുകയും ചെയ്യുന്നു. എന്തൊരു ബഹുമതിയാണത്! നമ്മുടെ സ്‌നേഹവാനും ജീവനുള്ളവനുമായ ദൈവമാണ് നിത്യമായ സന്തോഷത്തിനുള്ള കാരണം. അവിടുത്തെ നിരന്തരമായ സാന്നിധ്യത്തിന്റെ ദാനത്തില്‍ നമുക്ക് സന്തോഷിക്കാനും നമ്മുടെ സ്രഷ്ടാവ് നമുക്ക് നല്‍കിയ എല്ലാ ദിവസവും നന്ദിയുള്ളവരാകാനും കഴിയും.